
പൊതുജന വായനശാല & ഗ്രന്ഥാലയം, ചെമ്മരവയല്‍ - പിറവി ഒരു അനുപമ മാതൃക
എം. ലക്ഷ്മണന്‍ മാസ്റ്റര്‍
(സിക്രട്ടറി, പൊതുജന വായനശാല & ഗ്രന്ഥാലയം)
ചെമ്മരവയല്‍ ഗ്രാമത്തിലെ ആദ്യത്തെ സാംസ്കാരിക സ്ഥാപനമാണ് പൊതുജന വായനശാല & ഗ്രന്ഥാലയം, ചെമ്മരവയല്‍. വായനശാല 1996 ലും ഗ്രന്ഥാലയം 1997 ലും സ്ഥാപിതമായി. രജത ജൂബിലി പിന്നിടുന്ന ഈ സാംസ്കരിക നിലയത്തിന്‍റെ ചരിത്രം ഗ്രാമപ്രബുദ്ധതയുടെയും കുറെ നന്മമനസ്സുകളുടെയും വിളംബരമായി നമ്മുടെ മണ്ണില്‍ ഇപ്പോഴും പച്ചപിടിച്ചുനില്ക്കുന്നു.
75 വര്‍ഷം മുമ്പ് നാരത്ത് കുട്ട്യപ്പയുടെ ചായപ്പീടിക കേന്ദ്രീകരിച്ച് വളര്‍ന്നുവന്ന ഗ്രാമക്കൂട്ടായ്മയാണ് ചെമ്മരവയല്‍ പ്രദേശത്ത് ആദ്യമായി സംഘടിത സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആ കൂട്ടായ്മ കഞ്ഞിക്കുറിയും ലേലക്കുറിയും നടത്തി സദ്യയ്ക്കാവശ്യമായ വട്ളങ്ങളും മറ്റുപകരണങ്ങളും വാങ്ങുകയും നാടിന്‍റെ പൊതുമുതലായി സൂക്ഷിക്കുകയും ചെയ്തു. വാടക വാങ്ങാതെയാണ് സദ്യോപകരണങ്ങള്‍ പൊതു ആവശ്യങ്ങള്‍ക്കും വിവാഹങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും അനുവദിച്ചിരുന്നത്. ഇത്തരത്തിലുള്ള പൊതുനന്മാബോധത്തിന്‍റെ തുടര്‍ച്ചയായിട്ടാണ് ചായപ്പീടികയില്‍ 1968-69 കാലത്ത് ‘നവകേരള വായനശാല’ എന്ന പേരില്‍ ഒരു വായനശാലയും പ്രവര്‍ത്തിച്ചുതുടങ്ങിയത്. ചായപ്പീടിക പിന്നീട് കാലഹരണപ്പെട്ടപ്പോള്‍ സദ്യോപകരണങ്ങള്‍ സൂക്ഷിക്കാനും എല്ലാവര്‍ക്കും ഒത്തുകൂടി പത്രപാരായണം നടത്തുന്നതിനും സ്വന്തമായ കെട്ടിടത്തോടുകൂടിയ ഒരു വായനശാല വേണമെന്ന പലരുടെയും ആഗ്രഹം സംഘബോധമായി രൂപാന്തരപ്പെട്ടു.
ദാനഭൂമി മാറ്റത്തിന്‍റെ പുലരിവെളിച്ചം
വായനശാല സ്ഥാപിക്കുന്നതിന് കൊയ്യാലന്‍ കുഞ്ഞമ്പു എന്നവര്‍ യാതൊരു പ്രതിഫലവും വാങ്ങാതെ സ്വമനസ്സാലേ കുടുംബസ്വത്തില്‍ നിന്നും 3 സെന്‍റ് സ്ഥലം അനുവദിച്ചു. നാരത്ത് കുട്ട്യപ്പയുടെ ചായപ്പീടിക കേന്ദ്രമായിട്ടുള്ള ഗ്രാമക്കൂട്ടായ്മയിലെ സജീവാംഗമായിരുന്നു അദ്ദേഹം. വിട്ടുകിട്ടിയ ഭൂമി വായനശാലയ്ക്കുവേണ്ടി റജിസ്റ്റര്‍ ചെയ്യുന്നതിന് ഒരു കമ്മിറ്റി രൂപീകരിച്ചു. സി.കെ. പുഷ്പജന്‍, മൊട്ടമ്മല്‍ ഗോവിന്ദന്‍, കെ.എം. ശ്രീധരന്‍, ടി. പ്രദീപന്‍, പരേതരായ പള്ളേന്‍ കൃഷ്ണന്‍ നായര്‍, മരുതിയോടന്‍ ബാലന്‍ നമ്പ്യാര്‍ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. 1991 മെയ് 8 ന് ഭൂമി റജിസ്റ്റര്‍ ചെയ്തു. അതോടെ ദാനഭൂമി ഒരു നാടിന്‍റെ സാംസ്കാരിക അഭ്യുന്നതിയുടെ പുലരിവെളിച്ചമായി മാറി.
പൊതുജന വായനശാലയുടെ ആദ്യ സാരഥികള്‍
പൊതുജന വായനശാല സ്ഥാപിക്കുകയെന്ന ലക്ഷ്യം വച്ച് 1991 ആഗസ്ത് 11 ന് ജനകീയ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയാണ് പൊതുജന വായനശാലയുടെ സ്ഥാപക കമ്മിറ്റി. സി.കെ. പുഷ്പജന്‍, മൊട്ടമ്മല്‍ ഗോവിന്ദന്‍, കെ.എം. ശ്രീധരന്‍, കെ. രവീന്ദ്രന്‍, തോര നാരായണന്‍, ടി. പ്രദീപന്‍, സി.കെ. രാജീവന്‍, സി. രാജീവന്‍, പി. പ്രദീപന്‍, പള്ളേന്‍ കൃഷ്ണന്‍ നായര്‍ (മരിച്ചു), പി.സി. കുമാരന്‍ നമ്പ്യാര്‍ (മരിച്ചു), മരുതിയോടന്‍ ബാലന്‍ നമ്പ്യാര്‍ (മരിച്ചു) എന്നിവരായിരുന്നു സ്ഥാപക കമ്മിറ്റിയിലെ അംഗങ്ങള്‍. സി.കെ. പുഷ്പജന്‍ സിക്രട്ടറിയായും കെ. രവീന്ദ്രന്‍ ജോയിന്‍റ് സിക്രട്ടറിയായും പി.സി. കുമാരന്‍ നമ്പ്യാര്‍ പ്രസിഡണ്ടായും മൊട്ടമ്മല്‍ ഗോവിന്ദന്‍ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പട്ടു. കമ്മിറ്റി കാണിച്ച ഇച്ഛാശക്തിയാണ് വായനശാലയെന്ന നാടിന്‍റെ ചിരകാല സ്വപ്നം സഫലമാക്കിയത്.


വായനശാലയുടെ കൈമുതല്‍ മനുഷ്യവിഭവം
ഒരു മൂലധനവുമില്ലാതെയാണ് വായനശാലയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രതീക്ഷ നാട്ടിലെ യുവാക്കളുടെ അദ്ധ്വാനശേഷി മാത്രം. ‘ഒരുമ തന്നെ പെരുമ’ – അതാണ് ഒരു ഗ്രാമം പ്രവൃത്തിയുലൂടെ തെളിയിച്ചത്. വായനശാലയുടെ പെരുമയും ആ ഒരുമ തന്നെയാണ്.
കെട്ടിടത്തിനുവേണ്ട കല്ല് മുഴുവനും സി.കെ. പുഷ്പജന്‍, മൊട്ടമ്മല്‍ ഗോവിന്ദന്‍, കെ.എം. ശ്രീധരന്‍, സി.കെ. രാജീവന്‍, സി.കെ. മനോഹരന്‍, സി.കെ. വിജയന്‍, പി. പ്രദീപന്‍, കാക്കാടി മോഹനന്‍ എന്നിവര്‍ ശ്രമദാനത്തിലൂടെ കൊത്തിയുണ്ടാക്കി. നിര്‍മ്മാണത്തിന്‍റെ ഓരോ ഘട്ടത്തിലും അതത് മേഖലയിലുള്ള യുവാക്കളുടെ സേവനം സൗജന്യമായി ഉപയോഗപ്പെടുത്തി. വാര്‍ഡിലെ റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള ഗ്രാമപഞ്ചായത്ത് ടെന്‍റര്‍ ശ്രമദാനത്തിലൂടെ പൂര്‍ത്തീകരിച്ച് പണവും സമാഹരിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷിയും താല്പര്യവുമുള്ള എല്ലാവരെയും പങ്കെടുപ്പിച്ചു. ഇതിനുപുറമെ, നാട്ടുകാരുടെ പലതരത്തിലുള്ള അകമഴിഞ്ഞ സഹായസകരണങ്ങളും ലഭിച്ചു. ഇത്തരത്തില്‍ ഐക്യത്തിന്‍റെയും സമഭാവനയുടെയും ത്യാഗത്തിന്‍റയും ഹൃദയഹാരിയായ ചരിത്രമാണ് വായനശാലയ്ക്ക് പറയാനുള്ളത്. ആ ചരിത്രം കാലത്തെ അതിജീവിക്കുന്നതും ഒരു കൂട്ടായ്മ നല്‍കുന്ന ഏറ്റവും ഉദാത്തമായ ഗുണപാഠവുമാണ്.
നാട് കൈകോര്‍ത്തു കൊളുത്തിയ അക്ഷരദീപം
കമ്മിറ്റി രൂപീകരിച്ച് 5 വര്‍ഷംകൊണ്ട് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി. 1996 ഏപ്രില്‍ 8 ന് തളിപ്പറമ്പ് ബ്ലോക്ക് മെമ്പര്‍ ശ്രീ വേലിക്കാത്ത് നാരായണന്‍റെ അദ്ധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് അദ്ധ്യക്ഷ ശ്രീമതി പി.കെ. ശ്രീമതി ടീച്ചര്‍ , ഒരു ഉത്സവാന്തരീക്ഷത്തില്‍, വായനശാല ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
വായനശാല ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ ഗ്രന്ഥാലയത്തിന്‍റെ ഉദ്ഘാടനവും നടന്നു . ഇക്കാര്യത്തില്‍ കമ്മിറ്റി കാണിച്ച ഇച്ഛാശക്തിയും പ്രതിബദ്ധതയും വായനശാലാ ചരിത്രത്തിലെ ഉജ്ജ്വലമായ മറ്റൊരു ഏടാണ്. ഗ്രന്ഥാലയം റജിസ്റ്റര്‍ ചെയ്യുന്നതിനാവശ്യമായ 1000 ഗ്രന്ഥം വീടുകളില്‍നിന്ന് പുസ്തകമായും പണമായും ശേഖരിച്ചുണ്ടാക്കി. കേരള ഗ്രന്ഥശാല സംഘം എഫ് ഗ്രേഡില്‍ അഫിലിയേഷനും നല്കി. 1997 മാര്‍ച്ച് 27 ന് ഗ്രന്ഥാശാല സംഘം സംസ്ഥാന സിക്രട്ടറി ശ്രീ ഐ.വി. ദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ഗ്രന്ഥാലയം നാടിനു സമര്‍പ്പിച്ചു. അതോടെ വായനശാലയുടെ പേര് പൊതുജന വായനശാല & ഗ്രന്ഥാലയം, ചെമ്മരവയല്‍ എന്നായി. ശ്രീ ബാബു പി. ആയിരുന്നു ആദ്യ ലൈബ്രേറിയന്‍.

ഇന്ന് ചെമ്മരവയലിന്‍റെ സാംസ്കാരികജീവിതത്തിന്‍റെ ഭാഗധേയമാണ് പൊതുജന വായനശാല & ഗ്രന്ഥാലയം. തലമുറകള്‍ കൈകോര്‍ത്ത് ഗ്രാമത്തിന് സമ്മാനിച്ച സാംസ്കാരിക സുകൃതമാണത്. ആറേഴ് ദശാബ്ദങ്ങള്‍ക്കുമുമ്പ് ചായപ്പീടികയില്‍ പ്രകാശിച്ച സംഘവെളിച്ചം അക്ഷരവെളിച്ചമായി പുനര്‍ജ്ജനിച്ചതുപോലെയെന്ന് കരുതാം.
ആദ്യ ലൈഫ് മെമ്പര്‍ഷിപ്പ് വായനശാലയുടെ വൈദ്യുത വെളിച്ചത്തിന്
ഉദ്ഘാടന സമയത്ത് വായനശാല വൈദ്യുതീകരിച്ചിട്ടില്ലായിരുന്നു. സാമ്പത്തിക പ്രയാസമാണ് കാരണം. വൈദ്യുത കണക് ഷന്‍ സ്ഥാപിക്കുന്നതിന് വേണ്ട പണം സ്വരൂപിക്കുന്നതിന് 100 രൂപ പ്രകാരം 10 ആജീവനാന്ത മെമ്പര്‍ഷിപ്പ് ചേര്‍ത്ത് പ്രശ്നം പരിഹരിച്ചു. സി.കെ. പുഷ്പജന്‍, പി.സി. കുമാരന്‍ നമ്പ്യാര്‍, മൊട്ടമ്മല്‍ ഗോവിന്ദന്‍, തോര നാരായണന്‍, സി.കെ. രാജീവന്‍, ചാലില്‍ രാജീവന്‍, പി. പ്രദീപന്‍, ടി. പ്രദീപന്‍, പി.കെ. ശശി, എന്‍. ഗോപാലന്‍ മാസ്റ്റര്‍ എന്നിവരായിരുന്നു വൈദ്യുതവെളിച്ചത്തിന് താങ്ങായി ആദ്യ ലൈഫ് മെമ്പര്‍ഷിപ്പ് എടുത്തവര്‍.
ഇപ്പോള്‍ വായനശാലയുടെ വികസനഫണ്ടിലേക്ക് 5000 രൂപ സംഭാവന ചെയ്യുന്നവര്‍ക്ക് ലൈഫ് മെമ്പര്‍ഷിപ്പ് നല്കിവരുന്നു. കെ. സുരേന്ദ്രന്‍, തോര ബാലന്‍, എം. ലക്ഷ്മണന്‍ മാസ്റ്റര്‍, രതി കെ. , തുഷാര എം. , സിതാര എം. , പി. ലീല, ഷീന പി. , കെ.വി. രമേശന്‍, പി. പ്രസീത, പൂഞ്ഞത്ത് രാജന്‍, പി. രഞ്ജിത്ത്, ഗിരീശന്‍ ടി.ടി. , പി. ദേവി അമ്മ എന്നിവര്‍ അയ്യായിരം രൂപ നല്കി ലൈഫ് മെമ്പര്‍ഷിപ്പ് എടുത്തവരാണ്.
നമ്മുടെ വായനശാലയും ഗ്രന്ഥാലയവും കാലോചിതമായി പരിവര്‍ത്തനപ്പെട്ടുകൊണ്ടിരക്കുകയാണ്. പരിവര്‍ത്തനം അഭംഗുരം തുടരാന്‍ നല്ല കൂട്ടായ്മയും പരിശ്രമവും അനിവാര്യമാണ്.