Eco Friendly Food

 

    പരിസരമലിനീകരണവും കാലാവസ്ഥാവ്യതിയാനവും വലിയ ഭയാശങ്കകള്‍ സൃഷ്ടിക്കുകയാണ്. ജൈവലോകത്തിന്‍റെ നിലനില്പുതന്നെയും ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്കാണ് പാരിസ്ഥിതികപ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കുന്നത്.. പ്രകൃതിക്കുമേല്‍ നലിയ സമ്മര്‍ദ്ദം ചെലുത്തുന്നതും ഇടപെടലുകള്‍ നടത്തുന്നതും മനുഷ്യരാണ്. അതിലൊക്കെ കടന്നുകൂടുന്ന വിവേകരാഹിത്യമാണ് പ്രശ്നം. നമ്മുടെ ജീവിതരീതി ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടതാണ്

വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് മനുഷ്യരുടെ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ട്. നമ്മള്‍ പരിഷ്കൃതസമൂഹമായും ഉപഭോക്‍തൃസമൂഹമായും പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ ആര്‍ഭാടകരമായി സംസ്കരിക്കുകയും മത്സരാധിഷ്ഠിതമായി കച്ചവടവല്‍ക്കരിക്കുകയും ചെയ്യേണ്ടിവരുന്നു. ഭക്ഷ്യമേഖലയിലെ ഈ ദുഷ്പ്രവണകള്‍ ഭീതിതമായ സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നത്

പണ്ട് മനുഷ്യര്‍ തങ്ങളുടെ ജീവിതപരിസരത്തുള്ള വിഭവങ്ങളാണ് ആഹരിച്ചിരുന്നത്. വേണ്ടുന്നത് കൃഷിചെയ്തുല്പാദിപ്പിച്ചു. ഭക്ഷണത്തില്‍ ഋതുഭേദം കാണാമായിരുന്നു. ഗതാഗത സൗകര്യവും മറ്റും പരിമിതമായതിനാല്‍ ഭക്ഷ്യസ്വാശ്രയത്വം അനിവാര്യമായി. കൈയെത്തും ദൂരത്ത് കിട്ടുന്നതും കഴിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരായതിനാല്‍ അവരുടെ ഭക്ഷണവും പ്രകൃതിസൗഹൃദമായി. ഈ ഭക്ഷണത്തെ അയല്‍പക്ക ഭക്ഷണമെന്ന് വിളിക്കാം. അയല്‍പക്കഭക്ഷണം പ്രകൃതിക്ക് വലിയ പരിക്കുകളൊന്നും ഉണ്ടാക്കുന്നില്ല.

ഇന്ന് സ്ഥിതിയാകെ മാറി. വിശപ്പടക്കാന്‍ ഭക്ഷണം എന്ന മാനം ഭക്ഷണത്തിന് കൈമോശപ്പെടുകയാണ്. രുചിപോലും അപകടകരമാംവിധം വാണിജ്യവല്‍ക്കരിക്കപ്പെടുന്നു. ഭക്ഷ്യമേഖലയില്‍ വന്‍കിട വ്യവസായങ്ങളാണ് തഴച്ചുവളരുന്നത്. ഉല്പാദനവും വിപണനവും കുത്തകവല്‍ക്കരിക്കപ്പെടുന്നു. വിത്തുവിതരണം പോലും അങ്ങിനെയാവുകയാണ്. നമ്മുടെ ഭക്ഷണം നമുക്ക് നഷ്ടപ്പെടുന്നതുപോലെയും ഭക്ഷണത്തിന് കണ്ണുകളും കൈകളും വിദൂരതയിലേക്ക് നീണ്ടു നീണ്ടുപോകുന്നതുപോലെയുമുള്ള തോന്നല്‍ ജീവിതത്തെ  അസ്വസ്ഥജനകമാക്കുന്നു. ഭക്ഷണത്തിലെ അയല്‍പക്ക ബന്ധം ആരോ അറുത്തുമുറിക്കുന്നുണ്ട്

ഭക്ഷണം കേവല ഉപഭോഗവസ്തുവായി മാറ്റപ്പെടുമ്പോള്‍ ചില അപകടങ്ങള്‍ കടന്നുവരുന്നുണ്ട്. പ്രധാനപ്പെട്ട അപകടം അത് നമ്മുടെ ആരോഗ്യത്തിന്‍റെ സുസ്ഥിതി ഉറപ്പുതരുന്നില്ല എന്നതാണ്. അന്നം തന്നെ ഔഷധം എന്ന പരികല്പനയിലെ ഔഷധം നഷ്ടപ്പെടുന്നു. ഔഷധമില്ലാത്ത ഭക്ഷണമാണ് കഴിക്കേണ്ടിവരുന്നത്. രണ്ടാമത്തെ അപകടം പ്രകൃതിക്കും ഗുരുതര മുറിവുകള്‍ ഉണ്ടാക്കുന്നുവെന്നതാണ്.

ഭക്ഷണത്തിന്‍റെ കാര്‍ബണ്‍ കാല്‍പ്പാട്

ആഗോളതാപനവും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനവും പ്രധാനപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങളാണ്. കാര്‍ബണ്‍ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ്, മീഥേന്‍ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളാണ് ആഗോളതാപനത്തിന് കാരണമാകുന്നത്. ഇവ അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതില്‍ മനുഷ്യന്‍ പ്രധാന കാരണക്കാരനാണ്. കൃഷി ചെയ്യുമ്പോഴും വ്യവസായശാലകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴും വാഹനമോടിക്കുമ്പോഴും മറ്റും വന്‍തോതില്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളപ്പെടുന്നുണ്ട്.

ഒരു വ്യക്തി, സ്ഥാപനം, ഉല്പന്നം, സംഭവം, രാജ്യം തുടങ്ങിയവ വിസര്‍ജ്ജിക്കുന്ന കാര‍ബണ്‍‍ഡൈ ഓക്സൈഡിന്‍റെ  ആകെ അളവാണ് അതതിന്‍റെ കാര്‍ബണ്‍ കാല്‍പ്പാടായി കണക്കാക്കുന്നത്. കാര്‍ബണ്‍ കാല്‍പ്പാട് നിര്‍ണ്ണയിക്കുമ്പോള്‍ എല്ലാ ഹരിതഗൃഹ വാതകങ്ങളുടെ അളവും ഉള്‍പ്പെടുത്തുന്നുണ്ട്. കാര്‍ബണ്‍ കാല്‍പ്പാട് നമ്മുടെ ജീവിതരീതിയും ഉപഭോഗവും പ്രകൃതിയിലുണ്ടാക്കുന്ന ആഘാതത്തെ സൂചിപ്പിക്കുന്നു. കാല്‍പ്പാട് വലുതാകുന്തോറും പാരിസ്ഥിതിക പ്രശ്നങ്ങളും വലുതാകും.  

സസ്യവിഭവങ്ങളുടെ കാര്‍ബണ്‍ കാല്പാട് വളരെ ചെറുതാണ്. മാംസ ഉല്പന്നത്തന്‍റേത് വളരെ വലുതുമാണ്. ഭൂവിനിയോഗം, കൃഷിരീതി, സംസ്കരണം, സൂക്ഷിപ്പ്, വിതരണം തുടങ്ങിയവ വ്യത്യാസപ്പെടുന്നതിനനുസരിച്ചാണ് കാല്പാട് വ്യത്യാസപ്പെടുന്നത്. മാംസോല്പാദനത്തെയപേക്ഷിച്ച് സസ്യവിഭവങ്ങളുടെ ഉല്പാദനത്തിന് മണ്ണ്, വെള്ളം, ഇന്ധനം, ഊര്‍ജ്ജം തുടങ്ങിയ പ്രകൃതി സമ്പത്ത് കുറച്ച് മാത്രമേ ആവശ്യമുള്ളു. ഭക്ഷ്യവിഭവങ്ങളുടെ കാര്‍ബണ്‍ കാല്പാടിന്‍റെ ഒരു താരതമ്യ സ്ഥിതിവിവരം താഴെ കൊടുക്കുന്നു.

ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഹരിതവാതക വിര്‍ജ്ജനം കിലോഗ്രാമിലാണ് കൊടുത്തിരിക്കുന്നത്. മാംസ ഉല്പന്നങ്ങളുടെ അളവ് തീവ്രമാണ്. പ്രകൃതി സൗഹൃഭക്ഷണം ഏതാണെന്ന് ഈ കണക്കുകളിനിന്ന് മനസ്സിലാക്കാന്‍ കഴിയും. ഓരോന്നിന്‍റെയും കാര്‍ബണ്‍ഡൈ ഓക്സൈഡ് വ്യാപ്തം ബീച്ച് ബോളിന്‍റെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്തുനോക്കാവുന്നതാണ്. താരതമ്യത്തിലൂടെ കാര്‍ബണ്‍ കാല്പാടിന്‍റെ വലിപ്പവും മനസ്സിലാക്കാന്‍ കഴിയും.

   ഭക്ഷ്യമേഖലയില്‍ ഹരിതഗൃഹ വാതകങ്ങളുടെ വിസര്‍ജ്ജനത്തില്‍  മുഖ്യപങ്ക് വഹിക്കുന്നത് മാംസ ഉല്പാദനമാണ്. മൃഗപരിപാലനത്തിനും തീറ്റയുല്പാദനത്തിനും ധാരാളം ഭൂമിയും പ്രകൃതിവിഭവങ്ങളും ഉപയോഗിക്കേണ്ടിവരുന്നു. ഒരു കിലോഗ്രാം അരി ഉല്പാദിപ്പിക്കാന്‍ 2497 ലിറ്റര്‍ വെള്ളം മതിയെങ്കില്‍  ഒരു കിലോഗ്രാം മാംസം ഉല്പാദിപ്പിക്കാന്‍ 15415 ലിറ്റര്‍ വെള്ളം വേണം. ഈ രീതിയില്‍ വിവിധ പ്രകൃതിവിഭവങ്ങള്‍ ഭീമമായ തോതില്‍ ഉപയോഗിക്കുന്നതുകൊണ്ടാണ് മാംസത്തിന്‍റെ കാര്‍ബണ്‍ കാല്പാട് ഭീമമാകുന്നത്. കൂടാതെ മൃഗങ്ങളില്‍നിന്ന് പ്രത്യേകിച്ചും പശുക്കളിനിന്ന് വലിയ അളവില്‍ മീഥേന്‍ വിസര്‍ജ്ജിക്കപ്പെടുന്നുണ്ട്. ഭക്ഷ്യമേഖലയില്‍നിന്നും ഉണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങില്‍ 11 ശതമാനവും മൃഗങ്ങളാണ് ഉല്പാദിപ്പിക്കുന്നത്. 

സസ്യ വിഭവങ്ങളുടെ കാര്‍ബണ്‍ കാല്പാട് വളരെ ചെറുതും മാംസവിഭവങ്ങളുടേത് വളരെ വലുതുമാണ്. ഉദാഹരണത്തിന് ഒരു കിലോഗ്രാം അരിയുടെ കാര്‍ബണ്‍ കാല്പാട് 3.6 കി.ഗ്രാം മാത്രമാണ്. എന്നാല്‍ ബീഫിന്‍റേത്  99.48 കി.ഗ്രാമാണ്!  സ്വാഭാവികമായും മാംസാഹാരിയുടെ കാര്‍ബണ്‍ കാല്പാട് വലുതാകുമെന്ന് എടുത്തുപറയേണ്ടതില്ല. സസ്യാഹാരിയെ അപേക്ഷിച്ച് പതിന്മടങ്ങ് വര്‍ക്കുമെന്നാണ് കണക്ക്.  മാംസവിഭവങ്ങളുടെ അമിതവും അനിയന്ത്രിതവുമായ ഉപഭോഗം സൃഷ്ടിക്കുന്ന സാമൂഹികവും പാരിസ്ഥിതികവുമായ ആഘാതം പ്രകൃതിക്ക് താങ്ങാന്‍ കഴിയുന്നതിലുമപ്പുറമായേക്കാം.

ഭക്ഷ്യസ്വയംപര്യാപ്തത നഷ്ടപ്പെടുമ്പോഴും ഉപഭോഗാസക്തി കൂടുമ്പോഴും വിഭവങ്ങള്‍ മറ്റ് നാടുകളില്‍നിന്ന് ഇറക്കുമതി ചെയ്യേണ്ടിവരും. ഗതാഗതത്തിന് ഉപയോഗിക്കുന്ന ഇന്ധനവും ഉല്പന്നത്തിന്‍റെ കാര്‍ബണ്‍ കാല്പാട് നിര്‍ണ്ണയിക്കും. ദൂരം കൂടുന്തോറും ആ വസ്തുവിന്‍റെ കാര്‍ബണ്‍ കാല്പാടും വലുതാകും. അതുപോലെ ഭക്ഷ്യവസ്തുക്കളുടെ വ്യാവസായിക സംസ്കരണം വര്‍ദ്ധിക്കുമ്പോഴും ഇത് സംഭവിക്കും. എല്ലാം കടയില്‍നിന്ന് വാങ്ങി ഉപയോഗിക്കുന്ന ഒരാളിന്‍റെ ഭക്ഷണ  കാര്‍ബണ്‍ കാല്പാട് സ്വയംപര്യാപ്തതയുള്ളവനേക്കാള്‍ വലുതാകുമെന്ന് പറയേണ്ടതില്ല. ഈ നില തുടരുമ്പോള്‍ ഉപഭോക്‍തൃ സമൂഹം സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതത്തിനും പരിധിയില്ലാതാകും.

പാരിസ്ഥിതിക കാല്പാട്

മനുഷ്യസമൂഹം വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രകൃതിക്കുമേലുള്ള സമ്മര്‍ദ്ദവും പ്രശ്നങ്ങളും ഏറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ രണ്ടുതരത്തിലുള്ള പ്രശ്നങ്ങളാണ് വളര്‍ന്നുവരുന്നത്. ഒന്നാമത്തേത് പ്രകൃതിവിഭവത്തിനുള്ള അക്രമാസക്തമായ കൈയേറ്റമാണ്. രണ്ടാമത്തേത് വര്‍ദ്ധിച്ചുവരുന്ന പരിസരമലിനീകരണവും. വിഭവങ്ങള്‍ സ്വീകരിക്കുന്നതിനനുസരിച്ച് അവ പുനരുല്പാദിപ്പിക്കാന്‍ പ്രകൃതിക്കു സാധിക്കുന്നില്ലെങ്കില്‍ വിഭവദാരിദ്ര്യമാണ് സംഭവിക്കുക. കൊടുക്കല്‍-വാങ്ങല്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുമ്പോള്‍ അത് പാരിസ്ഥിതിക പ്രതിസന്ധിയായി വികസിക്കും. ഈ പ്രതിസന്ധി മാലിന്യ നിക്ഷേപം പ്രകൃതിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലപ്പുറമാകുമ്പോഴും ഉണ്ടാകും. അപ്പോള്‍ നമ്മുടെ വികസനപ്രവര്‍ത്തനങ്ങള്‍ സുസ്ഥിരമാകണമെങ്കില്‍ വിഭവസ്വീകരണവും മാലിന്യനിക്ഷേപവും പ്രകൃതിയുടെ പരിധി ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇത്തരത്തില്‍ പ്രകൃതിയുടെ ശേഷിയും നമ്മുടെ ആവശ്യവും തമ്മിലുള്ള സുരക്ഷിതമായ ബന്ധത്തെയാണ്  പാരിസ്ഥിതിക കാല്പാട് (Ecological Footprint) അര്‍ത്ഥമാക്കുന്നത്. കാര്‍ബണ്‍ കാല്പാടുപോലെത്തന്നെ പാരിസ്ഥിതിക കാല്പാടും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും സംഭവങ്ങള്‍ക്കും കണക്കാക്കുന്നുണ്ട്.

പല രാജ്യങ്ങളിലും പ്രകൃതി ചൂഷണവും മലിനീകരണവും അനിയന്ത്രിതമാകുന്നുണ്ട്. അവിടങ്ങളിലെ പാരിസ്ഥിതിക കാല്പാട് അപകടത്തിലാണ്. അപകടാവസ്ഥയിലുള്ള പാരിസ്ഥിതിക കാല്പാട് ചുവന്ന നിറത്തിലാണ് സൂചിപ്പിക്കുന്നത്. നമ്മുടെ പാരിസ്ഥിതിക കാല്പാട് ചുവന്നതാവുകയും അത് ലോകം മുഴുവന്‍ വ്യാപിക്കുകയും ചെയ്താല്‍ ഭൂമിയുടെ മരണമാണ് സംഭവിക്കുക. ആ ദിവസത്തെ ‘ഓവര്‍ഷൂട്ട് ഡെ’ എന്നാണ് വിളിക്കുന്നത്. 

പരമ്പരാഗത പാരിസ്ഥിതിക വിജ്ഞാനം

പാരിസ്ഥിതിക കാല്പാടും ഭക്ഷ്യ കാര്‍ബണ്‍ കാല്പാടും ക്രമീകരിക്കാന്‍ നമ്മുടെ ഭക്ഷണക്രമത്തിന് വലിയ പങ്ക് വഹിക്കാന്‍ കഴിയും. പഴമക്കാര്‍ ഭക്ഷ്യവിഭവങ്ങള്‍ തദ്ദേശീയമായി ഉല്പാദിപ്പിക്കുകയും  അതിലൂടെ പരമ്പരാഗത പാരിസ്ഥിതിക വിജ്ഞാനം (Traditional Ecological Knowledge -TEK ) വികസിപ്പിക്കുകയും ചെയ്തിരുന്നു. ഈ നാട്ടറിവിനും ജീവിതക്രമത്തിനും  പാരിസ്ഥിതിക കാല്പാടിനെ ഹരിതാഭമാക്കാന്‍ സാധിച്ചിട്ടുണ്ട്. നവീനകാലത്ത് ഇവരുടെ ഹരിതപാഠങ്ങള്‍ പുനര്‍വായനയ്ക്ക് വിധേയമാക്കുന്നത് നല്ലതായിരിക്കും. പ്രകൃതി – മനുഷ്യ പാരസ്പര്യം, ഉപഭോഗത്തിലെ മിതത്ത്വം,  പ്രകൃതിയോടുള്ള ഭക്ത്യാദരം തുടങ്ങിയ മൂല്യങ്ങള്‍ ജീവിതത്തിലുറപ്പിക്കാന്‍ ശേഷിയുള്ള പാരമ്പര്യാധിഷ്ഠിതമായ പാരിസ്ഥിതിക വിജ്ഞാനം തദ്ദേശീയതലത്തില്‍ വികസിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.

 

സുസ്ഥിര ഭക്ഷണം : എന്തൊക്കെ ചെയ്യാം

        *    സമീകൃതാഹാരം : മാംസഭക്ഷണത്തിന് നിശ്ചിത ദിവസം എന്ന തരത്തില്‍ നിയന്ത്രണം വരുത്തുക. സസ്യാഹാരത്തിന്‍റെ അളവ്   കൂട്ടുക.

        *    ഭക്ഷ്യ സ്വയംപര്യാപ്തത  : അടുക്കളത്തോട്ടം നിര്‍മ്മിക്കുക. പ്രാദേശികതലത്തില്‍ കൃഷി പ്രോത്സാഹിപ്പിക്കുക.

        *    ചെറുകിട സംരംഭങ്ങള്‍  : ഭക്ഷ്യ സംസ്കരണത്തിന് തദ്ദേശീയ സംരംഭങ്ങള്‍ വികസിപ്പിക്കുക. വിപണനത്തിലും ഉപഭോഗത്തിലും അവയ്ക്ക് മുന്‍ഗണന നല്കുക.

        *    സീസണല്‍ ഭക്ഷണം : സീസണലായി ലഭിക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ പരമാവധി ഉപയോഗിക്കുക.

        *   ഭക്ഷ്യമാലിന്യം : വീടുകളിലും ഭക്ഷണശാലകളിലും ഓഡിറ്റോറിയങ്ങളിലും മറ്റും മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങള്‍ സ്ഥാപിക്കണം. കമ്പോസ്റ്റ് ചെയ്താല്‍ ഭക്ഷണമാലിന്യങ്ങളില്‍നിന്നുണ്ടാകുന്ന ഹരിതഗൃഹവാതകങ്ങള്‍ 38-85 ശതമാനം കുറയ്ക്കാന്‍ കഴിയും.

        *   സ്മാര്‍ട്ട് കുക്കിങ്  : കഴിയുന്നതും സ്വന്തമായി പാചകം ചെയ്ത ഭക്ഷണം ശീലമാക്കുക. പാചകത്തിന് ഗ്രീന്‍ എനര്‍ജി ഉപയോഗിക്കുക. മൈക്രോവേവ് ഓവണ്‍, ഇലക്‍ട്രിക് ഓവണ്‍, ഗ്യസ് ഓവണ്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിക്കുക.

        *   ഉപയോഗത്തില്‍ 3R : ഷോപ്പിങിന് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കാതിരിക്കുക. 

                                                                                                              ✤

 

 

Leave A Reply

Your email address will not be published. Required fields are marked *