Cultural Activity

    ചെമ്മരവയല്‍ പൊതുജന വായനശാല & ഗ്രന്ഥാലയത്തിന് ചെമ്പ്, വട്ളം, വട്ട തുടങ്ങിയ സദ്യോപകരണങ്ങള്‍ സമ്പാദ്യമായിട്ടുണ്ട്. അവ ചെറിയ നിരക്കില്‍ വാടക ഈടാക്കി പൊതുജനങ്ങള്‍ക്ക് നല്കിവരുന്നു. ഇവയില്‍ ചിലത് തലമുറകളിലൂടെ കൈമാറിക്കിട്ടിയ ഗ്രാമസമ്പാദ്യമാണ്. പൊതുജന പാത്രക്കമ്മിറ്റി എന്ന പേരില്‍ ഒരു കമ്മിറ്റിയായിരുന്നു കുറെക്കാലം ഇവ കൈകാര്യം ചെയ്തിരുന്നത്. ആ കമ്മിറ്റി സമീപകാലത്ത് പൊതുജന വായനശാലാ കമ്മിറ്റിയില്‍ ലയിപ്പിക്കുകയും പാത്രങ്ങള്‍ വായനശാലയുടെ മുതല്‍ക്കൂട്ടാക്കി മാറ്റുകയും ചെയ്തു. 

   ഗ്രാമത്തിന്‍റെ മുതലായിട്ടുള്ള പാത്രങ്ങള്‍ ആരാണ് ഉണ്ടാക്കിയത്, എങ്ങനെയാണ് ഉണ്ടാക്കിയത്, എപ്പോഴാണ് ഉണ്ടാക്കിയത്, ഇതിന്‍റെ സാമൂഹ്യപശ്ചാത്തലമെന്തായിരുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആര്‍ക്കും വ്യക്തമായ ധാരണയില്ല. തേഞ്ഞുമാഞ്ഞു പോകുന്ന ചരിത്രത്തെ വീണ്ടെടുത്ത് പുതുതലമുറയ്ക്ക് കാണിച്ചുകൊടുക്കാന്‍ വായനശാല കമ്മിറ്റി തീരുമാനിച്ചു.

   പ്രാദേശിക ചരിത്ര രചനയായി കമ്മിറ്റി ഏറ്റെടുത്ത ദൗത്യം പല വസ്തുതകളും വെളിപ്പെടാന്‍ സഹായകമായി. അ‍ഞ്ചാറ് ദശാബ്ദങ്ങള്‍ക്കുമുമ്പ് വളരെ 

പിന്നോക്കാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഗ്രാമത്തില്‍ സാമൂഹ്യ നന്മ പ്രതിബദ്ധതയായി നെഞ്ചേറ്റിയ ഒരു ഗ്രാമക്കൂട്ടായ്മ  നിലനിന്നിരുന്നു. നാടിന് സംഘബോധത്തിന്‍റെ കരുത്തും ദിശാസൂചകവും നല്കിയ ആ ഗ്രാമക്കൂട്ടായ്മയുടെ പ്രഭാവം ഇന്നും നമുക്ക് ആന്തരിക ചോദനയായി നിലനില്ക്കുന്നു. 

വയലിന്‍റെ മരതകശോഭ ഗ്രാമജീവിതത്തിലും

  75 വര്‍ഷം മുമ്പുള്ള നമ്മുടെ ഗ്രാമം എങ്ങിനെയായിരുന്നുവെന്ന് നോക്കാം. കുന്നുകള്‍ക്കിടയിലെ വിശാലമായ വയലിന്‍റെ ഒരു ഭാഗമാണ് ചെമ്മരവയല്‍. വയലിന്‍റെ കിഴക്കുഭാഗം കോട്ടുവയല്‍. പടിഞ്ഞാറുഭാഗം പുഞ്ചവയലും വടക്കുഭാഗം പാന്തോട്ടം വയലുമാണ്. നെല്‍ക്കൃഷിയും അനുബന്ധ ജോലിയുമാണ് ഗ്രാമജീവിതത്തിന്‍റെ മുഖ്യധാര. ജന്മിത്തവ്യവസ്ഥയുടെ ചില അടയാളങ്ങള്‍ ഇവിടെയും കാണാന്‍ കഴിയും. പൊതുവെ ഗ്രാമീണരെല്ലാവരും നിരക്ഷരരായിരുന്നു. ശമ്പളം പറ്റുന്ന ജോലിക്കാര്‍ വിരലിലെണ്ണാവുന്നവര്‍മാത്രം. അതിനാല്‍ പണത്തിന്‍റെ കടുത്ത ദാരിദ്ര്യം എല്ലാവര്‍ക്കുമുണ്ടായിരുന്നു. പുല്ലുമേഞ്ഞ വീടുകളായിരുന്നു കൂടുതലും. ഓടിട്ട വീടുകള്‍ വിരളമായിട്ടേയുള്ളൂ. അവ സാമ്പത്തികഭേദപ്പാടിന്‍റെ സൂചകങ്ങളായി കണക്കാക്കിയിരുന്നു. വൈദ്യുത വിളക്കുകള്‍ കേള്‍വിയില്‍ മാത്രം.

   ആളുകള്‍ ഗ്രാമത്തിന്‍റെ ഇത്തിരിവട്ടത്തില്‍ തളയ്ക്കപ്പെട്ട നിലയില്‍ കഴിഞ്ഞുകൂടി. നിരക്ഷരരായിരുന്ന അവരുടെ ലോകസങ്കല്പം വളരെ പരിമിതമായിരുന്നുവെന്ന് പറയേണ്ടതില്ല. ദാരിദ്ര്യവും ജാതി-ജന്മിത്ത വ്യവസ്ഥയുടെ ചൂഷണവും ഗ്രാമത്തിന്‍റെ പിന്നോക്കാവസ്ഥയും ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കിയെങ്കിലും എല്ലാവരും കൃഷിയുടെ ഗീതത്തില്‍ ലയിച്ചുചേര്‍ന്നു. വയലിന്‍റെ ഋതുഭേദങ്ങള്‍ ജീവിതത്തിലും നിറഭേദങ്ങളുണ്ടാക്കുന്നു. ജീവിതം ഒരു

ചെമ്മരവയല്‍

ഇവിടം ജീവിതം കതിരണിഞ്ഞു

നിയോഗം പോലെയാണ് എല്ലാവര്‍ക്കും. പക്ഷേ, വയല്‍ അതിന്‍റെ പച്ചപ്പ് ഇവിടത്തെ ഗ്രാമജീവിത്തിലും ചാലിച്ചു. പച്ചയായ മനുഷ്യരുടെ കൂട്ടായ്മ നമ്മുടെ ഗ്രാമത്തിന്‍റെ സവിശേഷതയായി മാറി. ഈ ഹരിതശോഭ ഗ്രാമത്തിന്‍റെ എക്കാലത്തെയും സുകൃതമാണ്.

നാരത്ത് കുട്ട്യപ്പയുടെ പീടിക ഗ്രാമത്തിന്‍റെ 'മണവും മമതയും

   മരിച്ചുപോയ കാപ്പാടന്‍ ശേഖരന്‍ എന്നവരുടെ വീടിനുസമീപമുള്ള കരഭാഗം വയലിലേക്ക് ഉന്തിനില്ക്കുന്ന തരത്തിലായിരുന്നു. ആ തറയില്‍ 1945-50 കാലഘട്ടത്തില്‍ നാരത്ത് കുട്ട്യപ്പ എന്നവര്‍ ഒരു പീടിക സ്ഥാപിച്ച് കച്ചവടം നടത്തിയിരുന്നു. അതിനാല്‍ സ്ഥലം ‘പീട്യത്തറ’ എന്നറിയപ്പെട്ടു. പീടിക ‘തായപ്പീട്യ’ (കുന്നിന്‍ചെരിവിന് താഴെയുള്ള പീടിക എന്നായിരിക്കണം അര്‍ത്ഥം) യുമായി. അവിടെ അന്നത്തെ സാഹചര്യത്തില്‍ അത്യാവശ്യം വേണ്ടുന്ന പലവ്യഞ്ജനങ്ങള്‍ വിറ്റിരുന്നു. ചായയാണ് പ്രധാനം. തായപ്പീട്യ ചായപ്പീട്യ എന്നറിയപ്പെട്ടത് അങ്ങനെയാണ്. വേറെ കട സമീപത്തെവിടെയും ഇല്ലാതിരുന്നതിനാല്‍ വയലിന്‍റെ നാലുകരയിലുമുള്ളവര്‍ തായപ്പീട്യയെയാണ് ആശ്രയിച്ചിരുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ പ്രദേശത്തെ സൂപ്പര്‍മാര്‍ക്കറ്റാണ് കുട്ട്യപ്പയുടെ പീടിക.

   അക്കാലത്ത് വീടുകളില്‍ ചായ അത്ര പതിവില്ലാത്തിനാല്‍ വയല്‍പ്പണിക്കാരുടെയും കൂലിപ്പണിക്കാരുടെയും ജോലിയില്ലാത്ത പ്രായമുള്ളവരുടെയും നല്ല തിക്കായിരിക്കും കടയില്‍. രാവിലെയും വൈകുന്നേരവും സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരുടെ ഉന്തും തള്ളും വേറെയും ഉണ്ടാകും . എപ്പോഴും ആളും ആരവവും ആയിരിക്കും. കൃഷിപ്പണി കഴിഞ്ഞാല്‍ വലകെട്ടുകേന്ദ്രം കൂടിയാവും ചായപ്പീട്യ. കേക്കന്‍ അപ്പു (കാപ്പാടന്‍ അപ്പു), കൊയ്യാലന്‍ കുഞ്ഞമ്പു എന്നിവര്‍ ആ കാലത്തെ പ്രഗത്ഭ വലകെട്ടുകാരായിരുന്നു. 

   നാട്ടില്‍ ആദ്യമായി ഗ്രാമഫോണ്‍ പാട്ട് കേട്ടത് തായപ്പീട്യയില്‍നിന്നാണ്. ആളുകളുടെ കൗതുകവും വിസ്മയവുമായിരുന്നു ഗ്രാമഫോണ്‍. പാട്ടുകേള്‍ക്കാന്‍ മാത്രമായി ചിലര്‍ ഒത്തുകൂടുമായിരുന്നു ! അങ്ങനെ ചായപ്പീട്യ ആകാശവാണി നിലയവുമായി. എല്ലാ നാട്ടുവര്‍ത്തമാനങ്ങളും പ്രസരണം ചെയ്യപ്പെടുന്നതുകൊണ്ടും ഈ വിശേഷണം ഉചിതമാണ്.

   കുട്ട്യപ്പയുടെ പീടികയ്ക്ക് ഇനിയുമുണ്ട് വിശേഷങ്ങള്‍. അദ്ദേഹത്തിന് എല്ലാവരിലും വിശ്വസമാണ്. അതുപോലെ എല്ലാവര്‍ക്കും അദ്ദേഹത്തിലും. കടയിലെത്തുന്ന ആര്‍ക്കും സ്വന്തമായിത്തന്നെ സാധനങ്ങള്‍ തൂക്കിയും അളന്നുമെടുക്കാം. ചായകൂട്ടിക്കുടിക്കാം. ഈ സമയത്തെല്ലാം കുട്ട്യപ്പയുടെ സ്ഥാനം വരാന്തയിലെ കസേരയിലായിരിക്കും. ആരിലും നിരീക്ഷണമോ പരീക്ഷണമോയില്ല. തായപ്പീട്യ ഒരു ‘ഓണസ്റ്റി ഷോപ്പ്’ കൂടിയാണ്. പരസ്പര വിശ്വാസവും ബഹുമാനവും സ്നേഹവുമായിരുന്നു കടയുടെ അലിഖിത പ്രമാണം. ഗ്രാമനന്മകള്‍ പൂത്തുലഞ്ഞ ഇടമായി കുട്ട്യപ്പയുടെ പീടിക.

പീട്യത്തറ ഒരു നാട്ടുകൂട്ടത്തറ

   തായപ്പീട്യയില്‍ വലിയ ജനകേന്ദ്രീകരണമുണ്ടായി. സാമൂഹ്യവിനോദകേന്ദ്രം പോലെ അതിന്‍റെ സ്വാധീനം വികസിച്ചു. ഗ്രാമജീവിതത്തിലെ എല്ലാ വിഷയങ്ങളും ഇവിടെ ചര്‍ച്ചയും  വിചാരണയും ചെയ്യപ്പെടും. എല്ലാറ്റിനും വിധിന്യായങ്ങളുമുണ്ടാകും. കുട്ട്യപ്പയുടെ അഭിപ്രായങ്ങളും തീരുമാനങ്ങളുമാണ് അന്തിമമായി അംഗീകരിക്കപ്പെടുക. അദ്ദേഹം ജനപ്രിയ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു. ‘കുട്ട്യപ്പ പറയുന്നതാണ് ശരി’ എന്ന ചൊല്ലു തന്നെ അക്കാലത്ത് പ്രചരിച്ചിരുന്നു. നാട്ടുകൂട്ടത്തറ പോലെയാണ് കുട്ട്യപ്പയെ കേന്ദ്രീകരിച്ചുള്ള ചായപ്പീടികയിലെ പൗരസദസ്സ്.

   തായപ്പീട്യ ഗ്രാമജീവിതത്തിന്‍റെ എല്ലാമായിരുന്നു. ജീവിതഗന്ധം ചുരത്തുന്ന ഒരന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ അവിടെ വളര്‍ന്നുവന്ന ജനകൂട്ടായ്മയ്ക്ക് സാധിച്ചിരുന്നു. ഈ അന്തരീക്ഷത്തിന്‍റെ ചൂടും ആര്‍ദ്രതയുമേറ്റാണ് പൊതുനന്മാബോധത്തിന്‍റെ വിത്തുകള്‍ നമ്മുടെ നാട്ടില്‍ ആദ്യമായി മുളപൊട്ടിയത്.

തായപ്പീട്യയിലെ പെട്രോമാക്സ് സംഘടിത സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ പ്രതിരൂപം

   തായപ്പീട്യയിലാണ് ഗ്രാമത്തിലാദ്യമായി പെട്രോമാക്സിന്‍റെ വെളിച്ചം പരന്നത്. ആരോ ഒരാള്‍ പെനാങ്കില്‍നിന്ന് വന്നപ്പോള്‍ കുട്ട്യപ്പയ്ക്ക് സമ്മാനമായി നല്കിയതായിരുന്നു അത്. എന്നാല്‍ ഈ ആധുനിക സംവിധാനത്തെ കുട്ട്യപ്പ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചില്ല എന്നത് എടുത്തുപറയണം. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പീടിക കേന്ദ്രീകരിച്ച് കുറച്ചുപേര്‍ സംഘടിച്ച് കഞ്ഞിക്കുറിയും ലേലക്കുറിയും നടത്തുന്നുണ്ടായിരുന്നു. കുറി ദിവസം മാത്രമേ പെട്രോമാക്സ് കത്തിച്ചിരുന്നുള്ളു. അങ്ങിനെ പെട്രോമാക്സ് വെട്ടം ഗ്രാമത്തില്‍ സംഘം ചേരലിന്‍റെയും ഒരു സാമൂഹ്യ ഉത്തരവാദിത്വ നിര്‍വ്വഹണത്തിന്‍റെയും വിളമ്പരമായി മാറി. നാട്ടിലെ എല്ലാ പൊതുകാര്യങ്ങള്‍ക്കും അത് ഉപയോഗിച്ചു. സ്നേഹസമ്മാനം നന്മവെളിച്ചത്തിന്‍റെ പ്രതീകമായി. 

ഗ്രാമത്തില്‍ പൊതുനന്മയുടെ ആദ്യവെളിച്ചം

നവകേരള വായനശാല ചെമ്മരവയല്‍ പ്രദേശത്തെ ആദ്യ വായനശാല

   നാരത്ത് കുട്ട്യപ്പയുടെ കാലശേഷം അദ്ദേഹത്തിന്‍റെ അനുജന്‍ നാരത്ത് അപ്പൂട്ടി കട ഏറ്റെടുത്തു. ഇദ്ദേഹത്തിന്‍റെ കാലത്ത് 1968-69 കളില്‍ കട കേന്ദ്രീകരിച്ച് നവകേരള വായനശാല എന്ന പേരില്‍ ആദ്യത്തെ വായനശാല സ്ഥാപിതമായി. കടയുടമ അപ്പൂട്ടിയുടെ മകന്‍ നാരത്ത് ഗോവിന്ദനും കടയുടെ തൊട്ട് കിഴക്ക് താമസിച്ചിരുന്ന ചാലില്‍ കുഞ്ഞിരാമന്‍റെ മകന്‍ കാപ്പാടന്‍ ചന്ദ്രനുമായിരുന്നു അതിന് നേതൃത്വം നല്‍കിയത്. കാപ്പാടന്‍ ചന്ദ്രന്‍റെ ഇളയച്ഛനും ഇടക്കേപ്പൂറം യു.പി. സ്കൂള്‍ അദ്ധ്യാപകനുമായിരുന്ന കാപ്പാടന്‍ കണ്ണന്‍ എന്നവരായിരുന്നു വായനശാലയുടെ മനോഹരമായ നെയിംബോര്‍ഡ് തയ്യാറാക്കിക്കൊണ്ടുവന്നത്. ആളുകളെ കടയില്‍ കേന്ദ്രീകരിപ്പിക്കാനും അവരെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കാനും പ്രത്യേക കഴിവ് കാണിച്ചിരുന്ന വ്യക്തിയാണ് കാപ്പാടന്‍ കണ്ണന്‍. പൊതുജനങ്ങളുടെ ആവശ്യാര്‍ത്ഥം കണ്ണപുരം ഗ്രാമപ‍ഞ്ചായത്ത് ദേശാഭിമാനി, മലയാള മനോരമ എന്നീ ദിനപത്രങ്ങളും അനുവദിച്ചിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും വായനശാലയ്ക്ക് ഒരു കമ്മിറ്റിയോ സാംസ്കാരിക പ്രവര്‍ത്തനങ്ങളോ ഉണ്ടായിരുന്നില്ല. എങ്കിലും ദിനപത്രങ്ങള്‍ വായിക്കാന്‍ ഒരു പൊതുഇടം വേണമെന്ന ജനവികാരത്തിന്‍റെ ആദ്യ സംരംഭം എന്ന നിലയില്‍ നവകേരള വായനശാല നമ്മുടെ ഗ്രാമചരിത്രമായി മാറി.   

   കാലം കുറച്ചുകടന്നുപോയി. പ്രായാധിക്യം കാരണം നാരത്ത് അപ്പൂട്ടി കട ഒഴിഞ്ഞു. വായനശാലയുടെ പ്രവര്‍ത്തനവും നിലച്ചു. അങ്ങനെ പീട്യത്തറ ആളനക്കവും ശബ്ദവുമില്ലാതെ അരങ്ങൊഴിഞ്ഞു

വിവരങ്ങൾ നല്കിയവർ : 

കുഞ്ഞിമം​ഗലവൻ കരുണാകരൻ, മൊട്ടമ്മൽ ​ഗോവിന്ദൻ, സി.കെ. പുഷ്പജൻ, തോര നാരായണൻ, ​ഗോവിന്ദൻ നാരത്ത്, തോര ബാലൻ, കൊയ്യാലൻ നാരായണൻ,  കെ.എം. ശ്രീധരൻ

സഹായി :

 പി.കെ. ജനാർദ്ദനൻ (മരിച്ചു)

Leave A Reply

Your email address will not be published. Required fields are marked *