പാഠപുസ്തകങ്ങളിലും മറ്റ് പല പുസ്തകങ്ങളിലും വായിച്ചതും കേട്ടതുമായ അറിവ് മാത്രമുള്ള ബ്രിട്ടീഷ് സാമ്രാജ്യം (United Kingdom – UK) . അതിലൊരു രാജ്യമായ ഇംഗ്ലണ്ട്. അതിന്‍റെ തലസ്ഥാനമായ ലണ്ടൻ നഗരം. അവിടന്ന് ഏറെ ദൂരെയാണെങ്കിലും North Wales (Snowdonia), Scotland (Richmond), York എന്നീ സ്ഥലങ്ങളും കാണാനും ഇവിടങ്ങളിൽ ഓരോ ആഴ്ചവീതം താമസിക്കാനും ലണ്ടനിലേക്കുള്ള യാത്രയിൽ സാധിച്ചു. 2023 ജൂലൈ 13 മുതൽ ഒരു മാസവും 2025 ജൂലൈ 22 മുതൽ മൂന്നര മാസവും ലണ്ടനിൽ താമസിക്കാൻ സാധിച്ചു. ഒക്ടോബറായതോടെ തണുപ്പ് കൂടിയതിനാൽ ആ മാസം അവസാനം തിരിച്ചുവരേണ്ടിവന്നു.
ബ്രിട്ടീഷുകാർ – ഇന്ത്യ പിടിച്ചടക്കിയവർ, നമ്മെ അടിമകളാക്കി ഇവിടെ ക്രൂരഭരണം നടത്തിയവർ, കച്ചവടത്തിനായി ഇന്ത്യയിൽ വന്ന് നമ്മുടെ രാജ്യം സ്വന്തമാക്കിയവർ, നമ്മുടെ രാജ്യത്തുള്ള സുഗന്ധവസ്തുക്കളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും ഇവിടന്ന് കൊള്ളയടിച്ച് അവിടം സമ്പന്നമാക്കിയവർ, നമ്മുടെ രാഷ്ട്രപിതാവിനെ പലതരത്തിൽ അപമാനിച്ചവർ, ജാലിയൻ വാലാബാഗ് പോലുള്ള കൂട്ടക്കുരുതി നടത്തിയ നിഷ്ഠൂരന്മാർ എന്നുവേണ്ട ടോയ്ലറ്റിൽ പോയാൽപോലും കഴുകാത്തവർ എന്നിങ്ങനെ നീണ്ടുനീണ്ടു പോകുന്നു അവരുടെ ക്രൂരവും നിഷ്ഠൂരവുമായ ചെയ്തികൾ. ഇതൊക്കെയാണ് ഇതുവരെ ഞാൻ കേട്ടതും പഠിച്ചതും.
എന്‍റെ അനുഭവത്തിൽ അവിടത്തെ ആളുകളെക്കുറിച്ച് തോന്നിയതിതൊക്കെയാണ് : എല്ലാവരെയും വളരെ സമഭാവനയോടെ കാണുന്നു. രാജ്യ-ലിംഗ-വർണ്ണ വ്യത്യാസമില്ലാതെ എല്ലാവരോടും മാന്യമായി പെരുമാറുന്നു. സൗമ്യമായി പുഞ്ചിരിക്കുന്നു. യാത്രവേളയിൽ കൈത്താങ്ങ് കൊടുത്ത് മറ്റുള്ളവരെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. പൊതുയാത്രാ സംവിധാനമായ ബസ്സ്, ട്രെയിൽ എന്നിവയിൽ കയറിയാൽ അന്യോന്യം സംസാരിച്ച് ശബ്ദമുണ്ടാക്കുകയോ ഉന്തിത്തള്ളി സീറ്റുറപ്പിക്കാൻ മത്സരിക്കുകയോ ചെയ്യുന്നില്ല. വളരെ വൃത്തിയും വെടിപ്പുമുള്ള വാഹനങ്ങളും റോഡുകളും. ഒരു മിഠായിക്കടലാസ്സോ പ്ലാസ്റ്റിക് കുപ്പിയോ ഇവിടൊന്നും കാണാനില്ല. ബസ്സിൽ കയറിയാൽ മിക്കവരും പുസ്തക വായനയായിരിക്കും.
മാലിന്യം നിക്ഷേപിക്കാൻ റോഡിനിരുവശത്തും പ്രത്യേകം വീപ്പകൾ. അതിനുമുകളിൽ ബയോ വെയ്സ്റ്റ്, റീസൈക്കിൾ പ്ലാസ്റ്റിക്, നോൺ റീസൈക്കിൾ പ്ലാസ്റ്റിക് എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കും. റോഡിൽ വാഹനങ്ങൾ തമ്മിൽ മത്സര ഓട്ടമില്ല. അതിനാൽ ഹൊണടി ശബ്ദം കേൾക്കാനില്ല. ഡ്രൈവർമാർ തമ്മിലുള്ള തെറിയഭിഷേകം കേൾക്കാനില്ല. പ്രായ-ലിംഗ ഭേദമില്ലാതെ കൂടുതൽ ആളുകൾ യാത്ര ചെയ്യാൻ സൈക്കിൾ ഉപയോഗിക്കുന്നു. ബൈക്ക്, സ്കൂട്ടർ ഉപയോഗം വളരെ കുറവാണ്. റോഡിനിരുവശവും മരങ്ങൾ വെട്ടിയൊതുക്കി മനോഹരമാക്കിയിരിക്കുന്നു. വാഹനം തിരക്കിട്ട് പോകേണ്ടവർക്ക് മറ്റുള്ളവർ വിനയത്തോടെ മറികടക്കാൻ അനുവാദം കൊടുക്കുന്നു. അനുവദിച്ചവരോട് നന്ദി പറഞ്ഞ് കടന്നുപോകുന്നു. വീൽചെയറിലടക്കം ആളുകൾ ബസ്സിലും ട്രെയിനിലും യാത്ര ചെയ്യുന്നു. തലങ്ങും വിലങ്ങും റോഡുകളും റെയിലുകളും ഉണ്ടെങ്കിലും ഒന്നു ഒന്നിനും തടസ്സമാകുന്നില്ല.
London city - Smart and clean
മഴ കാണാനെന്തൊരു ഭംഗി ! വെളുത്ത പൂഴി വാരിയെറിയുന്നതുപോലെ. വല്ലാത്തൊരു ചറപറ ശബ്ദമോ വെള്ളത്തിന്‍റെ കുത്തിയൊലിപ്പോ ഒന്നും കാണാനോ കേൾക്കാനോയില്ല. എത്ര മഴ പെയ്താലും റോഡിലോ വീട്ടുമുറ്റത്തോ മറ്റെവിടെയെങ്കിലുമോ ഒന്നും വെള്ളം കെട്ടിനില്ക്കുന്നത് കാണാനേയില്ല. അവിടത്തെ ഡ്രെയിനേജ് സംവിധാനം അത്രയും മികച്ചതാണ്.
കാലാവസ്ഥ പൊതുവെ തണുപ്പാണ്. ആറുമാസം നല്ല തണുപ്പും മൂന്ന് മാസം മിതമായ തണുപ്പും മൂന്ന് മാസം ചൂടുമാണ്. വെയിലത്ത് എത്ര നടന്നാലും ഒരു തുള്ളി വിയർപ്പ് പൊടിയുന്നില്ല. വെയിലിന് ചൂട് കുറവാണ്. ഒരിളം കാറ്റടിച്ചാൽ വല്ലാത്ത കുളിരാണ്. മിക്കവാറും സമയങ്ങളിൽ കാറ്റുണ്ടാകും. തണുപ്പുകാലത്ത് കാറ്റുകൂടിയുണ്ടെങ്കിൽ പുറത്തിറങ്ങാൻ പ്രയാസം തന്നെ.
കെട്ടിടങ്ങളില്ലാത്തിടത്തൊക്കെ നിറയെ മരങ്ങളും ചെടികളുമാണ്. കാടുകൾക്കും ഒട്ടും കുറവില്ല. കാടുകൾ കാണാനെന്തൊരു ഭംഗിയാണ്. ഉയരം കുറഞ്ഞ മരങ്ങളാണ് കൂടുതലും. ദൂരെനിന്ന് നോക്കുമ്പോൾ എല്ലാം വെട്ടിയൊതുക്കിയതുപോലെ തോന്നും. കുന്നുകൾ ശരിക്കും ചിത്രം വരച്ചതുപോലെതന്നെയാണ്. അതിന്‍റെ ചെരുവിൽ പുൽമൈതാനങ്ങൾ, കൃഷിസ്ഥലങ്ങൾ. എല്ലാം കണ്ടാൽ ശരിക്കും ചിത്രം വരച്ചപോലെത്തന്നെ തോന്നും. വഴിയരികിലും റോഡരികിലും നിറയെ പൂക്കളും കാണാം. ആരും നട്ടുവളർത്തുന്നതല്ലെങ്കിലും എന്തു ഭംഗി !
ലണ്ടന്‍ നഗരം വിട്ടുകഴിഞ്ഞാല്‍ റോഡിനിരുവശത്തും ഗോതമ്പു കൃഷിയാണ്. കുന്നിന്‍ ചെരിവുകളില്‍ത്തന്നെയാണ് കൃഷി. കൃഷിയുടെ പല ഘട്ടങ്ങള്‍ – മുളച്ചുവരുന്നത്, പകുതി വളര്‍ന്നത്, വിളയാന്‍പോകുന്നത്, വിളഞ്ഞ് പാകമായത് എന്നിവയെല്ലാം കാണാന്‍ കഴിഞ്ഞു. സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള പാടങ്ങള്‍ മതിവരാത്ത കാഴ്ച തന്നെയാണ്. കുന്നിന്‍ ചെരിവിലുള്ള മറ്റൊരു കൃഷി ചെമ്മരിയാടുവളര്‍ത്തലാണ്. വിശാലമായ മേച്ചില്‍സ്ഥലത്ത് പ്രത്യേക അടയാളം വെച്ച (നിറം കൊണ്ട്) ചെമ്മരിയാടുകളെ കാണാം. അവയ്ക്ക് വെള്ളം കൊടുക്കുന്ന ബക്കറ്റുകളും കാണാം. പലതരം പച്ചക്കറികളും (കാബേജ്, കേരറ്റ്, ബീന്‍സ് തുടങ്ങിയവ) കൃഷി ചെയ്യുന്നുണ്ട്.
ഗോതമ്പുപാടം
ഏതു വേഷം ധരിച്ചാലും ഏതു ഭാഷ സംസാരിച്ചാലും അവിടെ ആരും ആരെയും ശ്രദ്ധിക്കുകയോ നോക്കി അഭിപ്രായം പറയുകയോ കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ഒന്നും ചെയ്യുന്നില്ല. അവര്‍ അവരുടെ കാര്യം ശ്രദ്ധിക്കുന്നു. ഒപ്പം ആവശ്യമാണെങ്കില്‍ മറ്റുള്ളവരെ സഹായിക്കുന്നു. പാര്‍ക്ക്, വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുടങ്ങി പൊതു ഇടങ്ങളില്‍ കൂടുതലും പ്രായം കൂടിയവരെയാണ് കാണുന്നത്. പ്രായമേറിയ ദമ്പതിമാര്‍ അന്യോന്യം കൈകോര്‍ത്തുപിടിച്ച് അവരങ്ങനെ വളരെ സന്തോഷത്തോടെ പോകുന്നതായി കാണാം. അവരാരും മക്കളെ ആശ്രയിക്കുന്നതേയില്ല. ഒരു വൃദ്ധദമ്പതിമാരുടെ കൂടെയും ഒരു മക്കളെയോ കൊച്ചുമക്കളെയോ കാണാറില്ല.
ചെറുപ്പക്കാരായ ദമ്പതിമാര്‍ കുട്ടികളുമായി പോകുമ്പോള്‍ കുട്ടികളെ കൈകാര്യം ചെയ്യുന്നത് പുരുഷന്മാരാണെന്നതും ഒരു പ്രത്യേകതയായി തോന്നി. കുട്ടികളെ ചെറുപ്പം മുതലേ സ്വയം പര്യാപ്തത ശീലിപ്പിക്കുന്നു എന്നതും എടുത്തുപറയേണ്ട പ്രത്യേകത തന്നെയാണ്.
വിദ്യാഭ്യാസ കാര്യത്തില്‍ പ്രൈമറി തലം എന്നത് 6-ാം ക്ലാസ്സുവരെയാണ്. വളരെ ലളിതവും എന്നാല്‍ മികച്ചതുമായ വിദ്യാഭ്യാസമായാണെനിക്ക് തോന്നിയത്. എന്‍റെ കൊച്ചുമകളുടെ അനുഭവത്തിലാണ് ഇത് പറയുന്നത്. പ്രൈമറി പഠനം താമസ സ്ഥലത്തിന്‍റെ ഏറ്റവും അടുത്ത സ്കൂളില്‍ത്തന്നെ ചേര്‍ക്കണമെന്നതാണ് നിയമം. ആ സമയം കുട്ടിയെ സ്കൂളില്‍ എത്തിക്കാനും കൂട്ടാനും രക്ഷിതാവ് വേണമെന്നതും നിര്‍ബന്ധം. ഹോംവര്‍ക്ക് ഇല്ല. ടെക്‍സ്റ്റ് ബുക്ക് കുട്ടികള്‍ക്കില്ല. അദ്ധ്യാപകര്‍ക്ക് സിലബസ്സ് മാത്രം. ടെക്‍സ്റ്റ് ബുക്ക് അദ്ധ്യാപകര്‍ക്ക് തെരഞ്ഞെടുക്കാം. നോട്ട് ബുക്ക് അദ്ധ്യയനവര്‍ഷത്തിന്‍റെ അവസാനം വീട്ടിലേക്ക് കൊടുക്കും. അതുവരെ സ്കൂളില്‍ത്തന്നെ. എന്നാല്‍ അതില്‍ ആവശ്യമായ രേഖപ്പെടുത്തലുകളെല്ലാം ഉണ്ടായിരിക്കും. വായനയെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. ഗണിതം, സയന്‍സ്, ഇംഗ്ലിഷ്, ഐച്ഛിക ഭാഷ, ബ്രിട്ടിഷ് ചരിത്രം എന്നിവയാണ് പ്രൈമറിയിലെ പ്രധാന വിഷയങ്ങള്‍. സെക്കണ്ടറി തലം 7-ാം ക്ലാസ്സുമുതല്‍ 13-ാം ക്ലാസ്സുവരെയാണ്. അതായത് 18 വയസ്സുവരെ സെക്കണ്ടറി തലമാണ്. 10-ാം ക്ലാസ്സ് കഴിഞ്ഞാല്‍ 3 വര്‍ഷം പഠിക്കണം. പിന്നീടാണ് യൂണിവേഴ്സിറ്റി പഠനം. സെക്കണ്ടറി ക്ലാസ്സ് മുതള്‍ ഇഷ്ടമുള്ള സ്കൂളില്‍ ചേര്‍ക്കാം. സെക്കണ്ടറി മുതല്‍ ഹോംവര്‍ക്ക് ഉണ്ടാകും.
വീടുകള്‍ വളരെ കൗതുകമുള്ളവയാണ്. ഒരു പ്രദേശത്ത് റോഡിന്‍റെ ഇരുവശത്തുമായി ഒരേ വലുപ്പത്തിലും ഒരേ ആകൃതിയിലുമായിരുക്കും. ഒരു നിശ്ചിതസ്ഥലം വരെ ഒരേ തരം. മറ്റൊരു സ്ഥലത്തെത്തിയാല്‍ മറ്റൊരു മോഡല്‍ എല്ലാ വീടുകളും. മേല്‍ക്കൂര വശങ്ങളിലേക്ക് ചരിഞ്ഞതായിരിക്കും. നമ്മുടെ നാട്ടിലേതുപോലെ ഒരു പ്രദേശത്ത് പല വലുപ്പത്തിലും ആകൃതിയിലുമുള്ള വീടുകളില്ല. അതുകൊണ്ടുതന്നെ വീടുകളുടെ കാര്യത്തില്‍ അയല്‍പക്കക്കാര്‍ തമ്മില്‍ താരതമ്യമില്ല. പ്രകൃയിലുള്ളത് നശിപ്പിക്കാതെ പ്രകൃതിക്ക് കോട്ടം തട്ടാതെയാണ് അവിടെത്തെ കെട്ടിട നിര്‍മ്മാണമായാലും വീടു നിര്‍മ്മാണമായാലും നടത്തുന്നത്. പഴയത് തട്ടിനിരത്തി പുതിയത് ഉണ്ടാക്കുകയല്ല പഴയതിന്‍റെ പഴമ നിലനിര്‍ത്തി പുതുക്കിപ്പണിയുന്ന രീതിയാണ് കണ്ടുവരുന്നത്.
എനിക്ക് തോന്നിയത് അവിടെയുള്ളവര്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് വളരെ വിരളമാണെന്നതാണ്. അതിനാല്‍ എത്ര തിരക്കുള്ള സ്ഥലത്തുപോയാലും ശബ്ദകോലാഹലം എന്നൊന്നില്ല. ആരും തിക്കിയും തിരക്കിയും എവിടെയും കയറിപ്പോകുന്നില്ല. പ്രായമായവരെ എപ്പോഴും പ്രസരിപ്പോടെ, ചിരിക്കുന്ന മുഖത്തോടെ മാത്രമേ കാണാറുള്ളു എന്നതും ഇവിടത്തെ ഒരു പ്രത്യേകത തന്നെയാണ്. സഹയാത്രികര്‍ക്ക് അസൗകര്യമാകുമെന്നതിനാലാവാമെന്നു തോന്നുന്നു അവര്‍ യാത്രയ്ക്കിടയില്‍ മൊബൈലില്‍പ്പോലും സംസാരിക്കുന്നത് വിരളമായേ കാണാറുള്ളു. സഹജീവികളോടു കാണിക്കേണ്ട സഹജീവിസ്നേഹം അവിടെ ചെറിയ ക്ലാസ്സുമുതല്‍ പഠിപ്പിക്കുന്നുണ്ട്.
പൊതു ശൗചാലയങ്ങള്‍ വളരെ വൃത്തിയും വെടിപ്പുമുള്ളവയാണ്. നമ്മുടെ നാട്ടിലെ പൊതു ശൗചാലയങ്ങളുടെ കാര്യമോര്‍ത്താല്‍ നാണക്കേട് തോന്നും. പല നല്ല പെരുമാറ്റ രീതികളും പഠനത്തിന്‍റെ ഭാഗമായി സ്കൂളിനിന്നും പഠിപ്പിക്കുന്നു. എന്തിനേറെ തീന്‍മേശയിലെ പെരുമാറ്റങ്ങള്‍, ഭക്ഷണം വായിലിട്ട് ചവക്കുന്ന രീതിവരെ കുട്ടികള്‍ സ്കൂളില്‍നിന്ന് ശീലിക്കുന്നു. അത് വീട്ടിലും തുടരുന്നു.
ഒരാളുടെ സ്വകാര്യ ജീവിതത്തിലായാലും അല്ലാതെയായാലും എത്തിനോക്കുന്ന സ്വഭാവം അവര്‍ക്കില്ല. അതുകൊണ്ടുതന്നെ ഏത് വേഷം ധരിച്ചാലും ഏത് ഭാഷ സംസാരിച്ചാലും എന്ത് ഭക്ഷണം കഴിച്ചാലും ആരുടെകൂടെ നടന്നാലും ആര്‍ക്കും ഒന്നും ഒരു വിഷയമല്ല. ആരും ആര്‍ക്കും ഒരു തടസ്സമാകുന്നില്ല. എനിക്ക് തോന്നിയത് ഏറ്റവും കൂടുതല്‍ വ്യക്തിസ്വാതന്ത്ര്യമുള്ള നാടായാതിനാലാവാം നമ്മുടെ പുതിയ തലമുറ അവിടം ഇത്രയധികം ഇഷ്ടപ്പെടുന്നത്.
മറ്റൊരു ശ്രദ്ധേയമായ പ്രത്യേകത ഒരു തെരുവുനായയെപ്പോലും അവിടെ കാണാന്‍ സാധിച്ചില്ലെന്നതാണ്. എന്നാല്‍ എല്ലാ വീട്ടിലും ഒന്നോ അതില്‍ക്കൂടുതലോ നായ്ക്കള്‍ ഉണ്ടുതാനും. കുട്ടികളെപ്പോലെ അല്ലെങ്കിലതിലേറെ സ്നേഹത്തോടെ കൂടെ കൊണ്ടുനടക്കുന്നു. വളര്‍ത്തു നായയെ കൂടെ കൊണ്ടുനടക്കുമ്പോള്‍ അതിന്‍റെ വിസര്‍ജ്ജ്യം വഴിയരികില്‍ തള്ളാതെ അത് വെയ്സ്റ്റ് ബിന്നില്‍ നിക്ഷേപിക്കാനുള്ള സൗകര്യവും കൂടി അവര്‍ കൈയില്‍ കരുതുന്നു.
ഞങ്ങള്‍ രണ്ടുതവണ പോയതും ജൂലൈ മാസമായതിനാല്‍ ആ സമയത്ത് രാവിലെ 4 മണി മുതല്‍ രാത്രി 8 മണി വരെ നല്ല സൂര്യപ്രകാശമാണ് – പകലാണ്. രാത്രി 8 മണി വരെ വെയിലാണ്. പിന്നീട് കാലാവസ്ഥയില്‍ മാറ്റം വരുന്നതിനനുസരിച്ച് തണുപ്പ് കൂടാന്‍ തുടങ്ങിയതോടെ പകലിന്‍റെ ദൈര്‍ഘ്യം കുറഞ്ഞുകുറഞ്ഞ് വന്ന് ഒക്ടോബര്‍ അവസാനം ഞങ്ങള്‍ വരുന്ന സമയം വൈകുന്നേരം 4 മണിക്കുതന്നെ സന്ധ്യയാവുകയും രാവിലെ 8 മണിക്ക് രാവിലെയാവുകയും ചെയ്യുന്ന സ്ഥിതിയായിരുന്നു. 6 മാസക്കാലം മെയ് ആദ്യം മുതല്‍ ഒക്ടോബര്‍ അവസാനം വരെ നമ്മുടെ സമയവും അവിടത്തെ സമയവും തമ്മില്‍ നാലര മണിക്കൂര്‍ വ്യത്യാസം. ഒക്ടോബര്‍ അവസാനം മുതല്‍ ഏപ്രില്‍ ആദ്യം വരെ ആ വ്യത്യാസം അഞ്ചര മണിക്കൂറാണ്. നമ്മളേക്കാള്‍ പിറകിലാണവരുടെ സമയം. അവിടെ രാവിലെ 6 മണിയാകുമ്പോള്‍ ഇപ്പോള്‍ നമുക്കിവിടെ രാവിലെ പതിനൊന്നരയാകും.
അവിടെ ആരാധനാലയങ്ങളും ആശുപത്രികളും വളരെ കുറച്ചുമാത്രമേ കണ്ടിട്ടുള്ളു. റോഡരികിലൊന്നും ഒരു ഡോക്ടറുടെ നെയിം ബോര്‍ഡുപോലും കാണാന്‍ സാധിച്ചിട്ടില്ല. പള്ളിയില്‍ നിന്നുള്ള ബാങ്കുവിളിയോ മണിമുഴക്കമോ ഒന്നു കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ എല്ലാ ജാതിമതസ്ഥരും അവിടെയുണ്ടുതാനും.
ഇങ്ങനെ സംസ്കാരം, വിദ്യാഭ്യാസം, സാമൂഹ്യനീതി എന്നിങ്ങനെ നമുക്കനുകരിക്കാന്‍ പറ്റിയ, ഒരുപാട് ഗുണപരമായ മാറ്റങ്ങള്‍ നമുക്കും വരുത്താന്‍ പറ്റിയ ഒരു ജീവിതരീതിയാണ് അവിടെ കാണാന്‍ കഴിഞ്ഞത് എന്നാണെന്‍റെ അനുഭവം.
തെക്കു കിഴക്കൻ ലണ്ടനിലെ ഒരു സമ്പന്നപ്രദേശമാണ് ഗ്രീൻവിച്ച്. യുനെസ്കോയുടെ ലോകപൈതൃക സ്ഥലമായ മാരിടൈം ഗ്രീൻവിച്ചിന്‍റെ ഭാഗമാണ് ഗ്രീൻവിച്ച് പാർക്ക്. 183 ഏക്കർ വിസ്തൃതിയുള്ള പാർക്കിൽ 3000 ത്തിലധികം വൃക്ഷങ്ങളുണ്ട്. സസ്യവൈവിധ്യ സമ്പന്നമാണിവിടം. ചരിത്രപ്രാധാന്യവും വാസ്തുശില്പ പ്രാധാന്യവുമുള്ള നിരവധി കെട്ടിടങ്ങളുടെ കേന്ദ്രീകരണം മാരിടൈം ഗ്രീൻവിച്ചിലുണ്ട്
