Drugs

         മയക്കുമരുന്നടക്കമുള്ള ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും ലോകത്ത് മിക്ക രാജ്യത്തും അമ്പരപ്പിക്കും വിധം വര്‍ദ്ധിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവയുടെ മായക്കാഴ്ചകള്‍ക്ക് കീഴടങ്ങുന്നവരില്‍ ഏറിയപങ്കും യുവാക്കളും വിദ്യാര്‍ത്ഥികളുമാണ്. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. പുതിയ തലമുറയെ വഴിതെറ്റിക്കാന്‍ മയക്കുമരുന്ന് മാഫിയാസംഘങ്ങള്‍ വലവിരിച്ചു കാത്തുനില്ക്കുകയാണ്.

ചിലരില്‍ ലഹരിശീലത്തില്‍ വീണുപോകാനുള്ള റിസ്ക് കൂടുതലാണ്. മദ്യപാനം, മൂ‍ഡ് റിസോര്‍ഡര്‍, ആത്മഹത്യാപ്രവണത തുടങ്ങിയവയുള്ള കുടുംബത്തില്‍ ഉള്ളവര്‍ക്ക് ലഹരിയില്‍ വീണുപോകാന്‍ ജനിതക പാരമ്പര്യം തന്നെ കാരണമാകാറുണ്ട്. വീടിനകത്തെ അസ്വാരസ്യങ്ങള്‍, മുതിര്‍ന്നവരുടെ മദ്യപാനം തുടങ്ങിയവ ഈ റിസ്കിനെ വളര്‍ത്തും. കുട്ടിക്കാലത്ത് പ്രകടമാകുന്ന Attention Deficit Hyper Activity Disorder -ഉം മുതിരുമ്പോള്‍ മുന്‍പിന്‍ ആലോചിക്കാത്ത പ്രകൃതവും ലഹരി ഉപയോഗത്തിലേക്ക് എത്തിപ്പെടാം. Conduct Disorder ഉള്ള കുട്ടികളിലും കൗമാരക്കാരിലും ലഹരിശീലം വളരെ നേരത്തെ തുടങ്ങാനുള്ള സാധ്യത ഏറെയാണ്. ‘No’ പറയാനുള്ള ആത്മധൈര്യക്കുറവും കൂട്ടുകെട്ടിലൂടെയുള്ള ലഹരിയുടെ ഉപയോഗവും കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടും.

ഇന്ത്യയില്‍ 13 ശതമാനത്തോളം കുട്ടികള്‍ 20 വയസ്സിനുമുമ്പേ ലഹരി ഉപയോഗിച്ചു തുടങ്ങുന്നുവെന്നാണ് പഠനങ്ങളും കേസ്സുകളുടെ എണ്ണവും സൂചിപ്പിക്കുന്നത്. ഇതില്‍ മദ്യവും കഞ്ചാവുമെല്ലാം 13–ാം വയസ്സില്‍ തുടങ്ങുന്നുണ്ട്.

അപകടകാരികളായ കഞ്ചാവ്, എം‍ഡിഎംഎ, എല്‍.എസ്.ഡി Hallucinogens ഗണത്തില്‍പ്പെട്ടവയാണ്. നമ്മുടെ ചിന്തയെയും മാനസികാവസ്ഥയെയും ഒറ്റയടിക്ക് മാറ്റാന്‍ കഴിയുന്ന രാസവസ്തുക്കളാണ് ഹാലൂസിനോജനുകള്‍

   ഒരു മനുഷ്യായുസ്സിനെ അപ്പാടെ തകര്‍ത്തുകളയാന്‍ കഴിവുള്ള രാസപദാര്‍ത്ഥങ്ങളാണ് എംഡിഎംഎ പോലുള്ള മയക്കുമരുന്നുകള്‍. 1912-ല്‍ ജര്‍മ്മനിയിലാണ് ആദ്യമായി ഈ വസ്തു കണ്ടെത്തുന്നത്. രക്തസ്രാവം കുറയ്ക്കുന്നതിനുള്ള മരുന്നായിട്ടാണ് അത് ആദ്യം ഉപയോഗിച്ചത്. 1914-ല്‍ ‘മെര്‍ക്’ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഇതിന്‍റെ പേറ്റന്‍റ് സ്വന്തമാക്കി. 1950 കളില്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ അവരുടെ എം.കെ. അള്‍ട്രാ പ്രോജക്ടിന്‍റെ ഭാഗമായി മനുഷ്യന്‍റെ മനസ്സ് നിയന്ത്രിക്കാനും അതുവഴി ചാവേറുകളെ സജ്ജരാക്കുവാനുമായി ധാരാളം ആളുകളെ എംഡിഎംഎ പരീക്ഷണത്തിനു വിധേയരാക്കി. ഡോ. ബ്രണ്ണറും സംഘവുമാണ് ഇതിനു നേതൃത്വം നല്കിയത്. പരീക്ഷിച്ചവരില്‍ നിരവധി ആളുകള്‍ക്ക് ശാരീരികമായ ധാരാളം പ്രശ്നങ്ങള്‍ ഉണ്ടാവുകയും കുറെ പേര്‍ മരിക്കുകയും ചെയ്തു. 1980 കളില്‍ ഇവ അമേരിക്കയിലെ പാര്‍ട്ടികളില്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതം നേരിടാന്‍ ‘War -on -Drugs’ ന്‍റെ ഭാഗമായി ഷെഡ്യൂള്‍ വിഭാഗത്തില്‍പ്പെടുത്തി നിരോധിക്കുകയുണ്ടായി.

     എംഡിഎംഎ ഉപയോഗിക്കുമ്പോള്‍ തലച്ചോറില്‍ സെറാട്ടോണിന്‍ കൂടുതലായി ഇല്പാദിപ്പിക്കും. തല്‍ഫലമായി ആ സമയങ്ങളില്‍ അമിതമായ ആനന്ദം ഉളവാക്കും. എന്നാല്‍ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ സെറാട്ടോണിന്‍റെ അളവ് കുറയും. തന്മൂലം വിഷാദരോഗത്തിന് അടിമായാവുകയും ചെയ്യും. അങ്ങനെ മെല്ലെ മെല്ലെ തലച്ചോറിലെയും കിഡ് നിയിലെയും കോശങ്ങളെ നശിപ്പിക്കുകയും ഒടുവില്‍ മരണത്തിലേക്ക് നയിക്കുകയും ചെയ്യും.

കഞ്ചാവ്

ഇവ പുകവലിക്കുമ്പോള്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് ആദ്യം ഉണ്ടാക്കുന്നത്. ഹൈഡ്രജന്‍ സയനൈഡ്, അമോണിയ എന്നിവയാണ് പുകവലിയിലൂടെ ശ്വാസകോശങ്ങളില്‍ എത്തുന്നത്. ഇവയില്‍ അര്‍ബുദം ഉണ്ടാക്കുന്ന രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇവ ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതോടൊപ്പം രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കും. ഇവ ഇപയോഗിച്ചുകഴിഞ്ഞാല്‍ ചുരുങ്ങിയ മിനുട്ടുകള്‍ക്കുള്ളില്‍ ഹൃദയമിടിപ്പ് 20 % മുതല്‍ 50 % വരെ വര്‍ധിക്കും. അത് മൂന്നു മണിക്കൂര്‍ വരെ നീണ്ടുനില്ക്കുകയും ചെയ്യും. തന്മൂലം ഹൃദയത്തിന് സമ്മര്‍ദ്ദമുണ്ടാക്കി ഹൃദയാഘാതം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഡോപമിന്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നതിലൂടെ കേന്ദ്രനാഡീവ്യവസ്ഥയെപ്പോലും ദോഷകരമായി ബാധിക്കും.

തലച്ചോറിലെ റിവാഡ് പാത്ത്വേ (Pleasure Pathway എന്നും പറയും) ഉത്തേജിക്കപ്പെടുമ്പോഴാണ് നമുക്ക് സന്തോഷവും ഇഷ്ടവുമൊക്കെ ഉണ്ടാകുന്നത്. ഡോപമിന്‍ എന്ന ഹോര്‍മോണിന്‍റെ ഉല്പാദനമനുസരിച്ചാണ് ഈ രാസവസ്തുക്കള്‍ മനസ്സിനെ നിയന്ത്രിക്കുന്നത്. തലച്ചോറിനെ ലഹരി ഹൈജാക്ക് ചെയ്യുമ്പോള്‍ സന്തോഷം നഷ്ടപ്പെടാനിടയാകുന്നു. മസ്തിഷ്കം ലഹരിക്ക് അടിമപ്പെട്ടിട്ടേ മറ്റു അവയവങ്ങളില്‍ രോഗാവസ്ഥകള്‍ ഉടലെടുക്കുകയുള്ളു.

ലഹരി അടിമത്തം

ഒരേ സമയം മനസ്സിനെയും ശരീരത്തെയും അടിമയാക്കാന്‍ മയക്കുമരുന്നുകള്‍ക്ക് കഴിയും. ആദ്യ ഉപയോഗത്തില്‍ത്തന്നെ കടുത്ത അടിമകളാക്കി മാറ്റും. ലഹരിയോടുള്ള അടിമത്തം മസ്തിഷ്ക രോഗമാണ്. ഡോപമിന്‍ നല്കുന്നത് കൃത്രിമ ആനന്ദമാണ്. അത് വീണ്ടും ലഭിക്കണമെങ്കില്‍ അതേ രാസവസ്തു വീണ്ടും ഉപയോഗിക്കണം.

സ്പോട് സിലും ഗെയിമിലും പങ്കെടുക്കുന്ന പ്രശസ്ത അത്ലറ്റുകള്‍ ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്. Stimulants, Hormones, Steroids Blood Doping മുതലായവയാണ് അവര്‍ ഉപയോഗിച്ചിരുന്നത്. സ്റ്റിമുലന്‍റ്സ് ഉപയോഗിച്ചാല്‍ ഉയര്‍ന്ന ബിപിയും നെഞ്ചിടിപ്പും ചിലപ്പോള്‍ ബ്ലോക്കും ഹൃദയസ്തംഭനവും സംഭവിക്കും. അതുപോലെ ഹോര്‍മോണ്‍ എന്ന രാസവസ്തു ഉപയോഗിച്ചാല്‍ രക്തത്തിന്‍റെ സാന്ദ്രത വര്‍ദ്ധിപ്പിക്കുകയും രക്തം കട്ടപിടിക്കുകയും ചെയ്യും. ബിപി വര്‍ദ്ധിക്കും. സ്റ്റിറോയിഡ് ഉപയോഗിക്കുന്നവരുടെ രക്തക്കുഴല്‍ തടിച്ച് രക്തയോട്ടം കുറയാനും ഓര്‍മ്മ കുറയാനും ഇടയാക്കും. മാത്രവുമല്ല പ്രകോപനമില്ലാതെ കൈയേറ്റം ചെയ്യുന്ന സ്വഭാവവും പ്രകടിപ്പിക്കും.

രക്തത്തില്‍ കൂടുതല്‍ ഓക്സിജന്‍റെ അളവ് ലഭ്യമാക്കുന്ന പ്രക്രിയയാണ് ബ്ലഡ് ഡോപിംഗ്. ഈ ഇ‍ഞ്ചക്‍ഷന്‍ ചില അവസരങ്ങളില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കും. ഇതൊക്കെക്കൊണ്ടാണ് ഒളിമ്പിക്സിലും മറ്റും പങ്കെടുക്കുന്ന അത്ലറ്റുകളുടെ  ബയോളജിക്കൽ പാസ്പോര്‍ട്ട് തയ്യാറാക്കുന്നത്.

പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ :

  1. പലവിധ മാലസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ മൂലം ഉളവാകുന്ന വൈകാരിക ക്ഷോഭങ്ങളുടെ അള്ളിപ്പിടുത്തില്‍നിന്നും താല്കാലികാശ്വാസം ലഭിക്കുവാന്‍
  2. സന്തോഷത്തിനും മനസ്സുഖത്തിനും വേണ്ടിയുള്ള അന്വേഷണം. ഇതില്‍ മനസ്സുഖം എത്രത്തോളം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന മനസ്സിന്‍റെ പ്രേരണ.
  3. പ്രത്യക്ഷ സമ്മര്‍ദ്ദവും സാമൂഹ്യപ്രേരണയും. (സ്വീകരിക്കണോ വേണ്ടയോ എന്നുള്ള സമ്മര്‍ദ്ദം)
  4. ഡിപ്രഷന്‍, ഉല്‍ക്കണ്ഠ, മൂഡ് ഡിസോര്‍ഡര്‍ തുടങ്ങിയ മാനസിക വെല്ലുവിളികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സ്വയം ചികിത്സ എന്ന നിലയില്‍.
  5. മാധ്യമങ്ങളിലും മറ്റും കാണുന്ന പരസ്യങ്ങള്‍ പരീക്ഷിച്ചു നോക്കാനുള്ള ഉല്‍ക്കണ്ഠ.
  6. ദൈനംദിന ജീവിതത്തിലെ അധികരിച്ച ഉത്തരവാദിത്വങ്ങളാല്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും സമ്മര്‍ദ്ദങ്ങളും താല്കാലികമായി നിര്‍ത്തിവെക്കാന്‍.
  7. ജനിതകവും ജൈവികവുമായ കാരണങ്ങളാല്‍ വല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നതിനെത്തുടര്‍ന്ന് മാനസിക വെല്ലുവിളികള്‍ നേരിടുന്നതിന്.
  8. മയക്കുമരുന്ന് ദുരുപയോഗത്തിന്‍റെ അപകട സാധ്യതകളെപ്പറ്റിയും അനന്തരഫലങ്ങളെപ്പറ്റിയും വേണ്ടത്ര അവബോധമില്ലായ്മയും തെറ്റിദ്ധാരണയും.
  9. ഉയര്‍ന്ന ജീവിതസാഹചര്യവും മാറ്റങ്ങളും സംഭവിക്കുമ്പോള്‍ ചില വ്യക്തികളില്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ ആഗ്രഹം ജനിക്കുന്നു.

നേരത്തെ തിരിച്ചറിയുക

തുടര്‍ച്ചയായി സ്കൂളിലോ കോളേജിലോ പോകാതെ കറങ്ങി നടക്കല്‍, സംഘം ചേര്‍ന്ന് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ചെറിയ തോതിലുള്ള കുറ്റകൃത്യങ്ങള്‍ മുതലായവ തുടങ്ങിയാല്‍ ശ്രദ്ധിക്കണം. തുടര്‍ച്ചയായി സമയത്ത് വീട്ടില്‍ കയറാതിരിക്കുക, വളരെ നേരം മുറി അടച്ച് ഒറ്റയ്ക്കിരിക്കുക, കുടുംബവുമായി അകലം പാലിക്കുക, ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുക, പോക്കറ്റ്, ബാഗ് തുടങ്ങിയവയില്‍നിന്നും സിഗരറ്റിന്‍റെ ചുക്കപോലുള്ള ചെടികളോ അസാധാരണ വസ്തുക്കളോ പായ്ക്കറ്റുകളോ ലഭിക്കുക, മുറിയില്‍ പുകയോ മണമോ

 ഉണ്ടാവുക, കണ്ണുകള്‍ ചുവന്നും ചുണ്ടുകള്‍ കറുത്തും കവിളുകള്‍ ഒട്ടിയും കാണപ്പെടുക, ശരീരഭാരം വല്ലാതെ കുറയുക, ഉറക്കം തൂങ്ങി നാക്ക് ഇടറി സംസാരിക്കുക, വിശപ്പ്, ഉറക്കം, ശുചിത്വം പോലുള്ള ശീലങ്ങളില്‍ വ്യത്യാസം കാണിക്കുക, ഓക്കാനം, വിറയല്‍, വെപ്രാളം, അമിതമായ വിയര്‍പ്പ്, കണ്ണ ചുവന്ന് വെള്ളം വരിക, അമിതമായ ദ്വേഷ്യം, ആവേശം, ഭീഷണിയുടെ സ്വരം, സാധനങ്ങള്‍ നശിപ്പിക്കല്‍, അക്രമം തുടങ്ങിയവ 

 ലഹരിക്ക് അടിമപ്പെടുന്നതിന്‍റെ ലക്ഷണങ്ങളാകാം. വിഷാദം, ഭയം, ഉന്മാദം, സംശയങ്ങള്‍, ആത്മഹത്യാ പ്രവണത എന്നിവയും കണ്ടേക്കാം. സ്കൂള്‍, കോളേജ് അധികൃതരോ അഭ്യുദയകാംക്ഷികളോ നല്കുന്ന സൂചനകളും അവഗണിച്ചുകൂടാ. 

നേരത്തെ ഇടപെടുക :

ശാരീരിക-മാനസിക-സാമൂഹിക അസ്വസ്ഥതകള്‍ കണ്ടെത്തിയാല്‍ നേരത്തെ ഇടപെടുക എന്നതാണ്പ്രധാനം. മദ്യം പലപ്പോഴും രോഗമാകാന്‍ സമയമെടുക്കുമെങ്കില്‍ കഞ്ചാവ്, കറുപ്പ്, മയക്കുമരുന്ന് തുടങ്ങിയവയൊക്കെ ആദ്യ ഉപയോഗം മുതല്‍ 2 വര്‍ഷത്തിനുള്ളില്‍ത്തന്നെ മാനസിക പ്രത്യാഘാതമുണ്ടാക്കിത്തുടങ്ങും. ചെറുപ്രായത്തിലുള്ളവരുടെ മരണത്തിനുകാരണം ലഹരി ഉപയോഗിച്ചതിനുശേഷമുള്ള അപകടങ്ങളും ആത്മഹത്യകളുമാണ്. ഇവരില്‍ കുറ്റവാസനയും സാമൂഹ്യവിരുദ്ധതയും വളരുന്നതിന് ലഹരി ഒരു കാരണമാകുന്നു. കുടുംബങ്ങളുടെ തകര്‍ച്ചയും ആരോഗ്യപ്രശ്നങ്ങളും ചികിത്സയെ സങ്കീര്‍ണ്ണമാക്കും. മരുന്നുകള്‍, മോട്ടിവേഷണല്‍ ചികിത്സ, റിഹാബിലിറ്റേഷന്‍ തുടങ്ങിയവ ഒരു പരിധിവരെ ഇവരെ രക്ഷിക്കാന്‍ സഹായിക്കും.

സമൂഹവും കുടുംബവും ഉണരണം :

കുടുംബങ്ങളില്‍ കുട്ടികളുടെയും കൗമാരക്കാരുടെയും കൂട്ടുകെട്ടുകളെപ്പറ്റിയും അവര്‍ ചെലവഴിക്കുന്ന ഇടങ്ങളെപ്പറ്റിയും സമയക്രമങ്ങളെപ്പറ്റിയും മുതിര്‍ന്നവര്‍ അറിഞ്ഞിരിക്കണം. ഉല്ലാസത്തിനും കളികള്‍ക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാനും യാത്രപോകാനുമൊക്കെ സമയം കണ്ടെത്തണം. വീട്ടില്‍ ലഹരി വസ്തുക്കളുടെ സാന്നിദ്ധ്യം ഒഴിവാക്കണം. സര്‍ക്കാര്‍, എക്സൈസ്, പോലീസ്, നര്‍ക്കോട്ടിക്‍ സെല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹം പൂര്‍ണ്ണ പിന്തുണ നല്‍കണം.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിപുലം :

       വെറും കൗണ്‍സിലിങ് കൊണ്ട് ലഹരി രോഗങ്ങള്‍ മാറണമെന്നില്ല. മാനസിക അവസ്ഥയെ പഠിച്ച് അവരിലെ റിസ്കുകളെ തിരിച്ചറിഞ്ഞ് ചികിത്സ നല്‍കുകയാണ് വേണ്ടത്. എല്ലാ ഗവ: Child & Adolescent Clinic -കളും മെഡിക്കല്‍ കോളേജുകളും മാനസികാരോഗ്യ കേന്ദ്രങ്ങളും ലഹരി വിമോചന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ സേവനം എത്രയും നേരത്തെ പ്രയോജനപ്പെടുത്തുക എന്നതാണ് പ്രധാനം.

ചുരുക്കിപ്പറഞ്ഞാല്‍ ലഹരിയിലേക്ക് എത്തിപ്പെടാതിരിക്കുക എന്നതുമാത്രമാണ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മാര്‍ഗ്ഗം.

ചികിത്സ രണ്ട് വിധം :

  1. Detoxification Phase – മയക്കുമരുന്ന് പെട്ടെന്ന് നിര്‍ത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിക്കല്‍
  2.    Relapse Prevention Treatment – മയക്കുമരുന്നിന്‍റെ ഉപയോഗം അവസാനിപ്പിച്ച വ്യക്തി രണ്ടാമതും അതിലേക്ക്മടങ്ങിപ്പോകാതിരിക്കാന്‍ ആവശ്യമായ ചികിത്സ.

ലഹരി ഉപയോഗം തടയാന്‍ :

നേര്‍വഴി (വിദ്യാര്‍ത്ഥികളുടെ) – 9656178000

    കണ്‍ട്രോള്‍ റൂം : (24 x 7) – 9447178000

    കൗണ്‍സിലിങ് : 14405

Leave A Reply

Your email address will not be published. Required fields are marked *